രാജ്യത്തിന്റെ വിലപ്പെട്ട ജൈവസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2002-ല്‍ ജൈവവൈവിധ്യ നിയമത്തിന് രൂപം നല്കി. ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണമായി 2005 ഫെബ്രുവരിയില്‍ കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നിലവില്‍ വന്നു. സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണവും ജൈവ സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗവും സംസ്ഥാനത്ത് ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന, സംസ്ഥാന ഗവണ്മെന്റിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്. ജനിതക വൈവിധ്യം, സ്പീഷിസുകളുടെ വൈവിധ്യം, ആവാസവ്യവസ്ഥകളുടെ ജൈവവൈവിധ്യം എന്നിവയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ബോര്‍ഡ് മുന്നേറുന്നു.
2002-ലെ കേന്ദ്ര ജൈവവൈവിധ്യ നിയമവും 2008-ല്സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങളും പ്രകാരമാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ട ഉപദേശം നല്‍കുക, ജൈവസമ്പത്തിന്റെ വാണിജ്യ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള നേട്ടങ്ങള്‍ പ്രാദേശിക സമൂഹത്തിനുകൂടി ലഭ്യമാകുന്നൂവെന്ന് ഉറപ്പാക്കുക, ജൈവ സമ്പത്തിന്റെ വാണിജ്യ ഉപയോഗം, ജൈവ സമ്പത്തിന്റെ സര്‍വ്വേ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതീയരായ വ്യക്തികള്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുക എന്നിവയ്ക്കൊപ്പം മേല്‍പ്പറഞ്ഞ നിയമവും ചട്ടങ്ങളും വിവക്ഷിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങളും നടത്താന്‍ ചുമതലപ്പെട്ട സ്ഥാപനമാണ് ജൈവവൈവിധ്യ ബോര്‍ഡ്.