കേരളത്തിലെ എല്ലാ പൊതുമുതലുകളും മാപ്പ് ചെയ്ത് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനൊരുങ്ങുകയാണ് മാപ്പത്തോണ്‍ കേരളം. പൊതുജനങ്ങളില്‍ മാപ്പ് നിര്‍മ്മിക്കാനുള്ള ശേഷി വളര്‍ത്തിയെടുത്ത് അവരുടെ പങ്കാളിത്തത്തോടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. ഏത് കേരളീയനും മാപ്പത്തോണിന്റെ ഭാഗമാകാം. നമ്മുടെ നാടിനെ ഭൂപടത്തില്‍ അടയാളപ്പെടുത്താനുള്ള ചുമതല നമുക്ക് തന്നെയാണ് !
എന്തിനാണ് മാപ്പത്തോണ്‍ കേരള ?
അപ്രതീക്ഷിതമായി കേരളം പ്രളയത്തില്‍ അകപ്പെട്ടപ്പോഴാണ് ലൊക്കേഷന്‍ മാപ്പിംഗിന്റെ പ്രാധാന്യം നാം തിരിച്ചറിഞ്ഞത്. എവിടെയൊക്കെയാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതെന്ന് തിരിച്ചറിയാന്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍, പ്രളയത്തില്‍ പാലവും റോഡുമെല്ലാം കുത്തിയൊലിച്ച് പോയപ്പോള്‍ ദുരിതാശ്വാസ സാധനങ്ങള്‍ ഏത് മാര്‍ഗ്ഗം എത്തിക്കാനാകും എന്ന് തിരിച്ചറിയാന്‍ ഒക്കെ ലൊക്കേഷന്‍ മാപ്പിംഗ് വളരെയേറെ സഹായിച്ചേനെ…
ഇനിയൊരു ദുരന്തം ഉണ്ടാകുകയാണെങ്കില്‍ അതിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കാന്‍ നാം ഇന്നേ തയ്യാറായിരിക്കണം. നമ്മുടെ നാടും അതില്‍ ലഭ്യമായിട്ടുള്ള വിഭവങ്ങളും റോഡുകളും പാലങ്ങളുമെല്ലാം അടയാളപ്പെടുത്തി വയ്‌ക്കേണ്ട സമയമാണിത്.
പ്രളയാനന്തരമുള്ള പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും ഈ മാപ്പ് രൂപീകരണം നമ്മെ സഹായിക്കും. കുടിവെള്ള ക്ഷാമം, ഗതാഗത പ്രശ്‌നങ്ങള്‍ തുടങ്ങി സമൂഹത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ ഡിജിറ്റല്‍ ഭൂപടം നമുക്ക് പ്രയോജനപ്പെടുത്താം.
എങ്ങനെ കേരളത്തെ അടയാളപ്പെടുത്താം ?
വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാ ദിവസവും അനുഭവിക്കുന്നവരാണ് നമ്മള്‍. ഒരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ ഷോപ്പിംഗ് മുതല്‍ ബാങ്ക് ഇടപാടുകള്‍ വരെ എളുപ്പത്തില്‍ ചെയ്യാം. അതുപോലെ നമ്മുടെ നാടും അതിന്റെ സവിശേഷതകളും ഡിജിറ്റല്‍ ഭൂപടത്തിന്റെ ഭാഗമാക്കാനും സ്മാര്‍ട്ട്ഫോണും / കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും വളരെ കുറച്ച് സമയവും മാത്രം മതിയാകും.
ഒരു പ്രദേശത്തിന്റെ ഏറ്റവും ചെറിയ സവിശേഷതകള്‍ പോലും അവിടെ താമസിക്കുന്ന ആളുകള്‍ക്ക് അറിയാനാകും. അവര്‍ ഭൂപടത്തില്‍ അവരുടെ നാടിനെ അടയാളപ്പെടുത്തുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ അത്ര തന്നെ കൃത്യവുമായിരിക്കും. പ്രദേശവാസികളായ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ലോകത്താകമാനം ഓപ്പണ്‍ സ്ട്രീറ്റ് മാപ്പുകള്‍ നിര്‍മ്മിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി കേരളവും മാപ്പത്തോണിലൂടെ കേരളത്തെ അടയാളപ്പെടുത്തുന്നു.
അനുനിമിഷം മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ഭൂപടവും അത്തരത്തില്‍ മാറിക്കൊണ്ടിരിക്കണം. ഒരു ഓഫീസ് സ്ഥലം മാറുമ്പോള്‍, പുതിയൊരു പാലം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആ മാറ്റവും ഭൂപടത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. ആ മാറ്റങ്ങള്‍ യഥാസമയം മാപ്പിലും കൊണ്ടുവരാന്‍ അവിടുത്തെ ജനങ്ങളും പര്യാപ്തരാകണം. ജനകീയമായി പുനര്‍നിര്‍മ്മിക്കപ്പെടുന്ന മാപ്പുകള്‍ ഉണ്ടാകുകയാണെങ്കില്‍ അത് സമൂഹത്തിന് വലിയ ഗുണഫലങ്ങള്‍ നല്‍കും.
ഹൃദ്‌രോഗമുള്ള ഒരാളെ അടിയന്തിരമായി പ്രവേശിപ്പിക്കാന്‍ സാധിക്കുന്ന തൊട്ടടുത്തുള്ള ആശുപത്രി ഏതാണ്? നിലവില്‍ അത് കണ്ടെത്താന്‍ പ്രയാസമാണ്. പക്ഷേ മാപ്പത്തോണ്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇത്തരത്തിലുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം അതിലൂടെ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി https://mapathonkeralam.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക