വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ടെലിഫോണ്‍ മുഖേന പരിഹരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് 09.05.2005 – ലാണ് വിവര സാങ്കേതിക വിദ്യാ വകുപ്പിന്റെ കീഴില്‍ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനസമയം 24×7 എന്ന രീതിയില്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ പൊതുഅവധി ദിവസങ്ങള്‍ കോള്‍സെന്ററിന് അവധി ആയിരിക്കുന്നതാണ്. ഈ കോള്‍ സെന്ററില്‍ നിന്നും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന കര്‍മ്മ പരിപാടികള്‍, പദ്ധതികള്‍, ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ , ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. സംസ്ഥാന വിവര സാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള സംസ്ഥാന ഐ. ടി മിഷനാണ് ഈ കോള്‍ സെന്ററിന്റെ പ്രവര്‍ത്തന ചുമതല നിര്‍വ്വഹിക്കുന്നത് .

ഒരു തുടക്കം എന്ന നിലയില്‍ ജനസേവനകേന്ദ്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, ഭക്ഷ്യ പൊതുവിതരണം, മോട്ടോര്‍ വെഹിക്കിള്‍, കേരള യൂണിവേഴ്സിറ്റി, റവന്യൂ, നഗരസഭകള്‍ എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനം ആണ് കോള്‍സെന്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 2013 ആയപ്പോഴേക്കും 35 ഡിപ്പാര്‍ട്ട്മെന്റും 12 സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളും 4 യൂണിവേഴ്സിറ്റികളും മുഖ്യമന്ത്രിയുടെ സുതാര്യകേരളം ഉള്‍പ്പെടെ 6 പരാതിപരിഹാരപദ്ധതിയും 5 പ്രോജക്ടുകളും ഉള്‍പ്പെടെ 62 വകുപ്പുകളെ സംബന്ധിക്കുന്ന സേവനം ഇതിലൂടെ ലഭ്യമാക്കി. എന്നാല്‍, ഇപ്പോള്‍ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ CMO / CMDRF, അക്ഷയ, സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍, സ്റ്റേറ്റ് പോര്‍ട്ടല്‍, എം-കേരള, ആധാര്‍ (യുഐഡി), ലീഗല്‍ മെട്രോളജി തുടങ്ങി 65 വകുപ്പുകള്‍ / പ്രോജെക്ടുകള്‍ / സര്‍വ്വകലാശാലകള്‍ എന്നിവയുടെ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങളും പരാതി പരിഹാരങ്ങളും കോള്‍ സെന്ററില്‍ ലഭ്യമാണ് .

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ വാട്സ്ആപ് മുഖേനയുള്ള പിന്തുണയും ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലുടനീളമുള്ള ജനങ്ങള്‍ക്ക്‌ കോള്‍സെന്റര്‍ സേവനങ്ങള്‍ വളരെ ചുരുങ്ങിയ നിരക്കില്‍ ലഭ്യമാണ്. കേരളത്തില്‍ എവിടെ നിന്നും ലോക്കല്‍ കോളിന്റെ നിരക്കില്‍ വിളിക്കാവുന്ന 155300 എന്ന നമ്പരാണ് കോള്‍സെന്ററിനുള്ളത്. ഇത് 30 നമ്പര്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പ് ഡയലിങ്ങ് സംവിധാനം ആണ് എന്നതിനാല്‍ കോള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ഒരിക്കല്‍ ലൈന്‍ കണക്ടുചെയ്തു കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സംശയം ആരായാവുന്നതും, സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ച് ആവശ്യമായ വിശദീകരണം ലഭിക്കുന്നതുമാണ്. കോള്‍സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സേവനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതിനും വേണ്ടി സര്‍ക്കാര്‍ കോള്‍ സെന്റര്‍ പൂര്‍ണ്ണമായും ഒരു കോണ്‍ടാക്ട് സെന്റര്‍ എന്ന നിലയിലേക്ക് നവീകരിച്ചിരിക്കുന്നു.

സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്റര്‍ സേവനങ്ങള്‍ – 155300 അല്ലെങ്കില്‍ 0471-155300/ 2115054 അല്ലെങ്കില്‍ 0471 2115054 / 2115098 അല്ലെങ്കില്‍ 0471 2115098 (ടോള്‍ ഫ്രീ അല്ല)
സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഹെല്പ് ലൈൻ – 1800-425-1550 (ടോള്‍ ഫ്രീ)
യുഐഡി / ആധാര്‍ ഹെല്പ് ലൈൻ – 1800-4251-1800 (ടോള്‍ ഫ്രീ)
ശബരിമല ഹെല്പ് ലൈൻ – 1800-425-1606 (ടോള്‍ ഫ്രീ)
വാട്സ്ആപ്  +919400198198.