a. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ ഇ-ഗവേണന്‍സ്

ഇ-ഗവേണന്‍സ് പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പരിശീലനം നല്‍കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.

ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുകയെന്നുള്ള ഭരണപരിഷ്കാര കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉദ്യാഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഡിപ്ലോമാ / ഡിഗ്രി കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഇതിന്റെയടിസ്ഥാനത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും (IMG) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്റ് – കേരള (IIITM-K) യും സംയുക്തമായി ചേര്‍ന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ ഇ-ഗവേണന്‍സ് എന്ന കോഴ്സ് തുടങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇ-ഗവേണന്‍സ് പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയെന്നതാണ് ഈ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ട് സെമസ്റ്ററുകളുള്ള ഈ കോഴ്സിന്റെ ആകെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്.

ഈ കോഴ്സിലേയ്ക്കുള്ള ആകെ സീറ്റുകള്‍ ഓരോ വര്‍ഷവും 40 വീതമാണ്. ഇതില്‍ 15 സീറ്റുകല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കും, 15 സീറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും, 10 സീറ്റുകള്‍ പൊതുമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും നീക്കി വച്ചിരിക്കുന്നു.

സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഫീസ് 75000 രൂപയാണ്. ഇതില്‍ 90 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുകയും ബാക്കി 10 ശതമാനം തുക അതാത് ഉദ്യോഗസ്ഥന്‍ വഹിക്കുകയും വേണം. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഫീസ് 80000 രൂപയാണ്. ഇതില്‍ 75 ശതമാനം തുക അതാത് സ്ഥാപനം വഹിക്കുകയും ബാക്കി 25 ശതമാനം തുക അതാത് ഉദ്യോഗസ്ഥരും വഹിക്കണം. പൊതുമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് 100000 രൂപയാണ്. 

 

b. വെര്‍ച്വല്‍ ഐടി കേഡര്‍

സര്‍ക്കാര്‍ വകുപ്പുകളില്‍ പുതിയ ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍ വിഭാവനം ചെയ്യുന്നതിനും നടപ്പാക്കാനും കൈകാര്യം ചെയ്യാനും ശക്തമായ ഐടി ടീം വകുപ്പിനുള്ളില്‍ തന്നെ കെട്ടിപ്പടുക്കുക എന്നതാണ് ‘വെര്‍ച്വല്‍ ഐടി കേഡര്‍’ പ്രോഗ്രാം കൊണ്ട്  ലക്ഷ്യമിടുന്നത്.

ഇ-ഗവേണന്‍സ്, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, ഐടി പ്രോജക്ട് മാനേജുമെന്റ് എന്നീ മേഖലകളില്‍ വിദഗ്ധരായ ജീവനക്കാരുടെ അഭാവം കാരണം വിവിധ വകുപ്പുകളില്‍ ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതില്‍ ബാഹ്യ ഏജന്‍സികളെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നു. ബാഹ്യ ഏജന്‍സികള്‍ക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ദ്ധ്യം ഇല്ലാത്തതിനാല്‍, പദ്ധതി സംരംഭങ്ങള്‍ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെടുന്നു. ഇ-ഗവേണന്‍സ് പ്രോജക്റ്റ് നടപ്പിലാക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുന്നതിന്, വകുപ്പുകള്‍ക്കുള്ളില്‍ ശക്തമായ ഐടി ടീം ആവശ്യമാണ്.

ഓരോ വകുപ്പുകളിലെ വിദഗ്ധരും യോഗ്യതയുള്ളവരുമായ ജീവനക്കാരില്‍ നിന്നും ആഭ്യന്തര തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നവരെ ആ വകുപ്പിന്റെ ‘വെര്‍ച്വല്‍ ഐടി കേഡര്‍’ ആയി വിന്യസിക്കുന്നു. ഈ വെര്‍ച്വല്‍ ഐടി കേഡര്‍ ടീം വകുപ്പിലെ ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍ ഏകോകിപ്പിക്കുകയും, നേതൃത്വം നല്കുകയും ചെയ്യുന്നു. വിവര സാങ്കേതികവിദ്യാ വകുപ്പ്, കേരള സ്റ്റേറ്റ് ഐടി മിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് വിവിധ ഇ-ഗവേണന്‍സ് പ്രൊജെക്ടുകള്‍ പ്രസ്തുത ടീം നടപ്പിലാക്കുന്നത്.

വിവിധ വകുപ്പുകളില്‍ നിന്നും കണ്ടെത്തുന്ന 30 ഓളം ട്രെയിനികളുടെ ഒരു ബാച്ചിന് 10 ദിവസത്തെ റെസിഡന്‍ഷ്യല്‍ ഇന്‍ഡക്ഷന്‍ പരിശീലനം കേരളാ ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ നല്‍കുന്നു. പ്രഗത്ഭരായ വ്യക്തികള്‍ ഇ-ഗവേണന്‍സിനെക്കുറിച്ചുള്ള വ്യത്യസ്ത സെഷനുകളില്‍ ക്ലാസുകള്‍ എടുക്കുന്നു. പ്രചോദനാത്മകവും പ്രബോധനാത്മകവുമായ സെഷനുകളും വ്യവസായ സന്ദര്‍ശനങ്ങളും പരിശീലനത്തിന്റെ ഭാഗമായി ഉണ്ട്.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇ-ഗവേണന്‍സ് പ്രോജക്റ്റ് നടപ്പില്‍ വരുത്താന്‍ ആവശ്യമായ ചുമതലകളും ഉത്തരവാദിത്തങ്ങളും ഓരോ കേഡറിനും നല്‍കുന്നു.  എല്ലാ സാങ്കേതിക കാര്യങ്ങളിലും ‘വെര്‍ച്വല്‍ ഐടി കേഡര്‍’ വിവര സാങ്കേതിക വിദ്യാ വകുപ്പ് അല്ലെങ്കില്‍ കേരള സ്റ്റേറ്റ് ഐടി മിഷനുമായി ആശയവിനിമയം നടത്തുകയും രണ്ട് ഏജന്‍സികളുമായി നല്ല ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നു. പരിശീലനത്തിനുശേഷം, ‘വെര്‍ച്വല്‍ ഐടി കേഡര്‍’ അംഗങ്ങള്‍ അതത് വകുപ്പുകളില്‍ അവരുടെ സാധാരണ ജോലി തുടരുന്നതോടൊപ്പം ഇവരുടെ സേവനം ഇ-ഗവേണന്‍സ് പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനും വിനിയോഗിക്കുന്നു, അങ്ങനെ ഒരു അധിക ഓഫീസും ഇല്ലാതെ തന്നെ ഒരു പ്രത്യേക കേഡറായി ‘വെര്‍ച്വല്‍ ഐടി കേഡര്‍’ പ്രവര്‍ത്തിക്കുന്നു.

 

c. ഇ-ലേര്‍ണിങ് മാനേജ്മെന്റ് സിസ്റ്റം (എല്‍ എം എസ്).

കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവ് നല്‍കുകയും അതുവഴി  അവരെ ശാക്തീകരിക്കുകയും  മെച്ചപ്പെട്ട ഭരണത്തിന് സജ്ജരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ  കേരള സര്‍ക്കാര്‍ ആരംഭിച്ച  സമഗ്രമായ  പദ്ധതിയാണ്  കേരള ഇ-ലേര്‍ണിങ് മാനേജ്മെന്റ് സിസ്റ്റം (എല്‍ എം എസ്).

നിലവില്‍ ഏതാനും സാങ്കേതിക കോഴ്സുകള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. elearning.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് കോഴ്സുകള്‍ തെരഞ്ഞെടുത്ത് പഠിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുണ്ട്.