ഇ-ഗവേണന്‍സ് പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പരിശീലനം നല്‍കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.
ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുകയെന്നുള്ള ഭരണപരിഷ്കാര കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉദ്യാഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഡിപ്ലോമാ / ഡിഗ്രി കോഴ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും (IMG) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്റ് – കേരള (IIITM-K) യും സംയുക്തമായി ചേര്‍ന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ ഇ-ഗവേണന്‍സ് എന്ന കോഴ്സ് തുടങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇ-ഗവേണന്‍സ് പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയെന്നതാണ് ഈ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ട് സെമസ്റ്ററുകളുള്ള ഈ കോഴ്സിന്റെ ആകെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്.
ഈ കോഴ്സിലേയ്ക്കുള്ള ആകെ സീറ്റുകള്‍ ഓരോ വര്‍ഷവും 40 വീതമാണ്. ഇതില്‍ 15 സീറ്റുകല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കും, 15 സീറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും, 10 സീറ്റുകള്‍ പൊതുമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും നീക്കി വച്ചിരിക്കുന്നു.
സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഫീസ് 75000 രൂപയാണ്. ഇതില്‍ 90 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുകയും ബാക്കി 10 ശതമാനം തുക അതാത് ഉദ്യോഗസ്ഥന്‍ വഹിക്കുകയും വേണം. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഫീസ് 80000 രൂപയാണ്. ഇതില്‍ 75 ശതമാനം തുക അതാത് സ്ഥാപനം വഹിക്കുകയും ബാക്കി 25 ശതമാനം തുക അതാത് ഉദ്യോഗസ്ഥരും വഹിക്കണം. പൊതുമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെ ഫീസ് 100000 രൂപയാണ്.