സംസ്ഥാനത്തിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു ഇന്‍റര്‍നെറ്റ് അടിസ്ഥാന ജിയോ സ്പേഷ്യല്‍ ഡേറ്റാ ഡയറക്‌റ്ററിയാണ് കെ.എസ്.ഡി.ഐ. കേരളത്തിന്‍റെ അതിരുകള്‍, ഭൂമിശാസ്ത്രം, ഭൂവിനിയോഗം, ജനസംഖ്യ, ഗതാഗത മാര്ഗങ്ങള്, കാര്‍ഷിക-സാമൂഹ്യ സാമ്പത്തിക സ്ഥിതി, വിഭവങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവയ്‍ക്കുവാനും അന്വേഷിച്ച് വിശകലം ചെയ്യുന്നതിനും ഈ പോര്‍ട്ടല്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. ഭാവിയില്‍ വിവരങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുവാനും വാങ്ങുവാനും കഴിയുന്ന തരത്തില്‍ ഈ സൈറ്റിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഭൂമിശാസ്ത്ര സംബന്ധമായ വിവരങ്ങള്‍സമാഹരിക്കുക, ക്രമീകരിക്കുക, വിതരണം ചെയ്യുക എന്നിവയെകൂടാതെ സ്ഥലസംബന്ധിയായ വിവരങ്ങളുടെ ഉപയോഗം കൂടുതല്‍ വകുപ്പുകളിലേക്കു എത്തിക്കുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌പേഷ്യല്‍ ഡാറ്റാ സ്ട്രക്ച്ചറിന്റെ (എന്‍.എസ്.ഡി.ഐ ) അതേ പ്രവര്‍ത്തന രേഖയിലാണ് കെ.എസ്.ഡി.ഐ.യും പ്രവര്‍ത്തിക്കുന്നത്.

ഭൂവിഭവ വിവര സംബന്ധിയായ സാങ്കേതിക വിദ്യ, നയങ്ങള്‍, സുസ്ഥാപിതമായ വ്യവസ്ഥകള്‍ എന്നിവയുടെ ഒരു ആകെത്തുകയാണ് കെ.എസ്.ഡി.ഐ. വിവിധ വകുപ്പുകളില്‍ നിന്നായി ശേഖരിക്കപ്പെട്ടിട്ടുള്ള ഭൂവിവരങ്ങള്‍ ഉപഭോക്താക്കളുടെ വ്യത്യസ്ത അഭിരുചികള്‍ക്കനുസരിച്ചു ഉപയോഗിക്കാന്‍ ഉതകുന്ന തരത്തിലാണ് കെ.എസ്.ഡി.ഐ. വികസിപ്പിച്ചെടുത്തിരിക്കുന്നത്. സുസ്ഥാപിതമായ ഘടന, സാങ്കേതികത്തികവ്, ബൃഹത്തായ അടിസ്ഥാന വിവരശേഖരം, കൈമാറ്റ പ്രക്രിയ എന്നിവയാണ് കെ.എസ്.ഡി.ഐയുടെ സുപ്രധാന ഘടകങ്ങള്‍. സര്‍ക്കാര്‍ വകുപ്പുകള്‍, വാണിജ്യ മേഖലകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റു സംരംഭങ്ങള്‍, വിദ്യാഭ്യാസ മേഖല എന്നിവയ്ക്ക് ഭൂവിവരങ്ങള്‍ പങ്കുവക്കുന്നതിനു ഇത് ഏറെ സഹായകമാണ്.

കേരളത്തിലെ ജിഐഎസ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്ര ബിന്ദുവായി 2011 ല്‍ ആണ് കെ.എസ്.ഡി.ഐ നിലവില്‍ വന്നത്. അവലംബനാര്‍ഹവും വിശ്വസനീയവുമായ ഭൂവിവരങ്ങള്‍ പാരിസ്ഥിതിക സംബന്ധിയായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് നല്‍കുന്നതിന് ഗുണകരമായി വര്‍ത്തിക്കാനും കെ.എസ്.ഡി.ഐക്കു സാധിക്കുന്നു.

കെ.എസ്.ഡി.ഐയുടെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ചിലത് താഴെപ്പറയുന്നവയാണ് :

  • ഇതു വരെ സമീകൃതമല്ലാത്ത രീതിയില്‍ സമൂഹത്തിന്‍റെ ഒരു വലിയ വിഭാഗത്തിനും, സ്ഥാപനങ്ങള്‍ക്കും, ശാസ്ത്ര-സമൂഹത്തിനും, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അറിയാന്‍ കഴിയാതെ പോയ ജിയോ സ്പേഷ്യല്‍ അറിവുകളേയും വിവരങ്ങളേയും ഒരു പൊതു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുക.
  • സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാരിതര സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ശാസ്ത്രസംഘടനകള്‍ എന്നിവയുടെ ഇടയില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് വിവിധ വിവര ശേഖരണ ഏജന്‍സികള്‍ക്കുള്ള ഒരു വാതായാനമായി പ്രവര്‍ത്തിക്കുക.
  • സംസ്ഥാനത്തിനു വേണ്ടി സ്പേഷ്യല്‍ ഡേറ്റാ ഡിക്ഷ്ണറിയും, മാപ് ഡയറക്‌‌റ്ററിയും തയ്യാറാക്കി നല്‍കുക.
  • വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ആവശ്യങ്ങളെപ്പറ്റി വിശകലനം നടത്തുക.
  • നിര്‍ണ്ണയ-സഹായ സംവിധാനത്തെ സാധ്യമാക്കുകയും പ്രാദേശികതല ആസൂത്രണപ്രക്രിയയെ സഹായിക്കുകയും ചെയ്യുക.