a)ഇ-സേവനം

ഇ-സേവനം എന്ന കേരള സര്‍ക്കാരിന്റെ ഏകീകൃത സേവന പോര്‍ട്ടലിലൂടെ കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ മുഖാന്തരം സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ട ജനങ്ങള്‍ക്ക് ഒട്ടേറെ സേവന പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ട്. സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന (RTS) സേവനങ്ങളില്‍ ഭൂരിപക്ഷവും ഓണ്‍ലൈന്‍ വഴി വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ തങ്ങളുടെ വീടുകളില്‍ ഇരുന്നു തന്നെ സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ഒരു ഏകീകൃതപോര്‍ട്ടലിലൂടെ ലഭ്യമാവേണ്ടത് അനിവാര്യമാണ്. നിലവില്‍ വ്യത്യസ്ത വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഓരോ വകുപ്പുകളുടെയും വെബ്‌സൈറ്റ് മുഖാന്തരം ഉപയോഗിയ്ക്കുന്നതിനു പ്രായോഗികബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ എല്ലാ വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇ-സേവനം എന്ന കേന്ദ്രീകൃത പോര്‍ട്ടലിനു രൂപം നല്‍കിയിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ‘ഇന്റര്‍നെറ്റ് എന്റെ അവകാശം’ എന്നത് www.services.kerala.gov.in എന്ന ഏകീകൃത പോര്‍ട്ടല്‍ വഴി ഫലപ്രദമാവുകയാണ്. പ്രസ്തുത പോര്‍ട്ടലില്‍ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മൊബൈല്‍ അധിഷ്ഠിത സേവനങ്ങള്‍ക്ക് വേണ്ടി എം- സേവനം എന്ന മൊബൈല്‍ ആപ്ളിക്കേഷനും ഇതോടൊപ്പം തന്നെ ലഭ്യമാക്കിയിട്ടുണ്ട് ജനങ്ങള്‍ക്കു സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടെത്തുന്നതിനായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങള്‍ & നൈപുണ്യവികസനം, സാമൂഹ്യസുരക്ഷ & പെന്‍ഷനേഴ്‌സ്, പൊതു ഉപയോഗസേവനങ്ങള്‍, മറ്റുസേവനങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. പോര്‍ട്ടലിന്റെ വരാനിരിക്കുന്ന പതിപ്പുകളില്‍ എല്ലാ സേവനങ്ങള്‍ക്കും സിംഗിള്‍ സൈന്‍ ഓണ്‍ ഉള്‍പെടുത്തുന്നതാണ്.

https://services.kerala.gov.in/

b) എം-സേവനം

സര്‍ക്കാരിന്റെ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും Government to Citizens (G2C) and Government to Business (G2B) ഒരു കുടക്കൂഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എം-സേവനം മൊബൈല്‍ ആപ്പ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പൗരന്‍മാര്‍ക്ക് വീട്ടിലിരുന്നുതന്നെ  സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ആവശ്യകതക്ക് ആക്കം കൂട്ടുന്നതായിരുന്നു എം-സേവനം. പല വകുപ്പുകളുടെയും സേവനങ്ങള്‍ ഓഫ്‌ലൈനില്‍ നിന്നും ഓണ്‍ലൈന്‍ രൂപത്തിലേയ്ക്ക് മാറ്റുന്നതിന് വകുപ്പുകളെ പ്രേരിപ്പിക്കുന്നതിനും ഇത് കാരണമായി.

c) ഇ ഓഫീസ്

സര്‍ക്കാര്‍ ഓഫീസുകളില്‍ പരമ്പരാഗത രീതിയില്‍ ഫയല്‍ കൈകാര്യം ചെയ്യുന്നതിനു പകരമായി പൂര്‍ണ്ണമായും ഡിജിറ്റലായി ഫയല്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമാകുന്ന സംവിധാനമാണ് ഇ ഓഫീസ്. ഈ കടലാസ് രഹിത സംവിധാനത്തില്‍, ഇലക്ട്രോണിക് ആശയവിനിമയ രീതിയുടെ സഹായത്തോടെ വേഗത്തില്‍ തീരുമാനമെടുക്കുന്നതിനും  ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനും സര്‍ക്കാര്‍ ഓഫീസുകളെ പ്രാപ്തമാക്കുന്നു.

സെക്രട്ടേറിയറ്റിലെ മുഴുവന്‍ വകുപ്പുകള്‍, 53 ഡയറക്ടറേറ്റുകള്‍ / കമ്മിഷണറേറ്റുകള്‍, 14 കളക്ടറേറ്റുകള്‍, 21 ആര്‍.ഡി.ഒ ഓഫീസുകള്‍ / സബ് കളക്ടറേറ്റുകള്‍, 21 താലൂക്ക് ഓഫീസുകള്‍, 234 വില്ലേജ് ഓഫീസുകള്‍, 56 മറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇതിനോടകം ഇ-ഓഫീസ് നടപ്പിലാക്കിയിട്ടുണ്ട്.

d) ഇ-പ്രൊക്യൂര്‍മെന്റ് 

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഇ-ഗവേണന്‍സ് പദ്ധതി പ്രകാരം 2012 ലാണ് വിവിധ വകുപ്പുകളില്‍ ഇ-പ്രൊക്യൂര്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ടെണ്ടര്‍ വിഷയങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും കൈവരിക്കുന്നതിനും കൂടുതല്‍ വേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ടെണ്ടര്‍ സമര്‍പ്പിക്കുന്നവരുടെ തുറന്ന മത്സരത്തിനും അതുവഴി ചെലവ് കുറയ്ക്കുന്നതിനും ഈ സംരംഭം സഹായകരമാകുന്നു.  നിലവിലെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് 5 ലക്ഷത്തിനു മുകളില്‍ മൂല്യം വരുന്ന എല്ലാ ടെണ്ടറുകളും  നിര്‍ബന്ധമായി ഇ- പ്രൊക്യൂര്‍മെന്‍റ്  പോര്‍ട്ടല്‍ വഴി നടപ്പിലാക്കണമെന്ന് എല്ലാ വകുപ്പ് / പൊതുമേഖലാ സ്ഥാപനങ്ങള്‍ / ബോര്‍ഡുകള്‍ / കോര്‍പ്പറേഷനുകള്‍ക്കും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

e) അക്ഷയ 

ജനങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ വിവര വിനിമയ സാങ്കേതിക വിദ്യ  സാധാരണക്കാരില്‍ എത്തിക്കുന്നതിനായി ജില്ലാതലങ്ങളില്‍ 2002 മുതല്‍ ഇ-സാക്ഷരത പരിപാടി അക്ഷയ പദ്ധതിയിലൂടെ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.  

വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക്   പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2002 ലാണ് അക്ഷയ പദ്ധതി ആരംഭിച്ചത്.  ഇപ്പോള്‍ കേരളത്തില്‍  രണ്ടായിരത്തിലധികം അക്ഷയ സെന്ററുകള്‍ വഴി വിവിധ തരം സര്‍ക്കാര്‍ സര്‍ക്കാരിതര സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമായി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായി  നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

ഇ-വിദ്യ, ഇന്റല്‍ ലേണ്‍, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷന്‍ തുടങ്ങിയ കമ്പ്യൂട്ടര്‍  കോഴ്സുകള്‍, ഇഗ്നൊ, ഡൊയാക്, സി-ഡിറ്റ് തുടങ്ങിയവയുടെ കമ്പ്യൂട്ടര്‍ അനുബന്ധ കോഴ്സുകള്‍, റേഷന്‍ കാര്‍ഡിനുള്ള  അപേക്ഷ, വാറ്റ് റിട്ടേണ്‍ ഇ-ഫയലിംഗ്, റെയില്‍വേ ഇ-ടിക്കറ്റിംഗ്, ഇലക്ട്രിസിറ്റി ബില്ല്, വെള്ളക്കരം, ബി.എസ്.എന്‍.എല്‍ ലാന്‍ഡ്‌ലൈന്‍ – മൊബൈല്‍ ബില്ലുകള്‍ തുടങ്ങിയ ഇ-പേയ്മെന്റുകള്‍ , ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ , എപിഎല്‍ / ബിപിഎല്‍ കാര്‍ഡ് ഉടമകളുടെ  ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രഷന്‍, യുഐഡിഎഐ ആധാര്‍ , ഇ-മണല്‍, ഇ-ഗ്രാന്റ്സ്  അപേക്ഷ, കെ.എന്‍.ആര്‍.കെയുടെ ഫണ്ട് സബ്സ്ക്രിപ്ഷന്‍ സമാഹരണം, കേരള എന്‍ട്രന്‍സ് അഡ്മിറ്റ് കാര്‍ഡ്, തദ്ദേശ  ഭരണ സ്ഥാപനങ്ങളുടെ ഹെല്പ്  ഡെസ്ക്, ജനമൈത്രി പോലീസ് സ്റ്റേഷനുകളിലെ ഹെല്പ്പ്  ഡെസ്ക്, എല്‍ . ഐ. സി. മൈക്രോ ഇന്‍ഷുറന്‍സ്, മലയാളം കമ്പ്യൂട്ടിംഗ് ട്രെയിനിംഗ്, സ്പാര്‍ക്ക്   ട്രെയിനിംഗ്, എന്റെ ഗ്രാമം വെബ്പോര്‍ട്ടല്‍, ഇ-കൃഷി തുടങ്ങിയവ അക്ഷയ കേന്ദ്രങ്ങള്‍  വഴി നടന്നു വരുന്നു.

f) ഇ-ഡിസ്ട്രിക്ട്

പൊതു ജനങ്ങളുമായുള്ള സര്‍ക്കാരിന്റെ ആശയ വിനിമയങ്ങളെല്ലാം തന്നെ സാധ്യമാകുന്നത് ജില്ലാ തലത്തിലാണ്. അതിനാല്‍ ജില്ലകളാണ് സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നത്. പൊതുജന സേവനങ്ങള്‍ കാര്യക്ഷമമായി അതിരുകളില്ലാതെ പൊതു ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ വേണ്ടി ഇന്ത്യാ ഗവണ്‍മെന്റ് 2010 ല്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്ട്. ഈ പദ്ധതിയിലൂടെ ജില്ലാ വകുപ്പുകളുടെ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കാനും, പൊതു ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുവാനും കഴിയുന്നു. ഇതേ കാഴ്ചപ്പാടില്‍ സുതാര്യമായും സമഗ്രമായും വിവരങ്ങള്‍ പൊതു ജനങ്ങളിലെത്തിക്കുവാന്‍ കേരള സര്‍ക്കാര്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇ- ഡിസ്ട്രിക്ട്. ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു. https://edistrict.kerala.gov.in എന്ന പോര്‍ട്ടലില്‍ കൂടി 24*7 മണിക്കൂറും സേവനങ്ങള്‍ ലഭിക്കുന്നു. ഈ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നത് കേരള സ്റ്റേറ്റ് ഐ ടി മിഷന്‍  ആണ്.

ഇ-ഡിസ്ട്രിക്ട് വഴി ലഭ്യമാകുന്ന സേവനങ്ങള്‍ താഴെപ്പറയുന്നവയാണ്

  • റവന്യൂ വകുപ്പ് വഴി ലഭിക്കുന്ന 25 തരം സര്‍ട്ടിഫിക്കറ്റുകള്‍
  • വിവരാവകാശ സേവനങ്ങള്‍
  • പൊതുജന പരാതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍
  • പണമിടപാട് സേവനങ്ങള്‍ -യൂട്ടിലിറ്റി പണമിടപാടുകള്‍, കാലിക്കറ്റ്, കേരള യൂണിവേഴ്സിറ്റി സേവനങ്ങള്‍, ക്ഷേമനിധി ഫീസ് ഇടപാടുകള്‍, പോലീസ് വകുപ്പ് പണമിടപാടുകള്‍, മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമ നിധിയുടെ പണമിടപാടുകള്‍
  • റവന്യൂ കോടതി കേസുകള്‍
  • ഫോറസ്‌റ്റ് വകുപ്പിന്റെ വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടം സംബന്ധിച്ച സേവനങ്ങള്‍

Web URL: https://edistrict.kerala.gov.in/

g) Citizen Contact Centre

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ടെലിഫോണ്‍ മുഖേന പരിഹരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ട് 09.05.2005 – ലാണ് വിവര സാങ്കേതിക വിദ്യാ വകുപ്പിന്റെ കീഴില്‍ കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനസമയം 24×7 എന്ന രീതിയില്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ പൊതുഅവധി ദിവസങ്ങള്‍ കോള്‍സെന്ററിന് അവധി ആയിരിക്കുന്നതാണ്. ഈ കോള്‍ സെന്ററില്‍ നിന്നും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന കര്‍മ്മ പരിപാടികള്‍, പദ്ധതികള്‍, ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ , ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. സംസ്ഥാന വിവര സാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള സംസ്ഥാന ഐ ടി മിഷനാണ് ഈ കോള്‍ സെന്ററിന്റെ പ്രവര്‍ത്തന ചുമതല നിര്‍വ്വഹിക്കുന്നത് .

ഒരു തുടക്കം എന്ന നിലയില്‍ ജനസേവനകേന്ദ്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, ഭക്ഷ്യ പൊതുവിതരണം, മോട്ടോര്‍ വെഹിക്കിള്‍, കേരള യൂണിവേഴ്സിറ്റി, റവന്യൂ, നഗരസഭകള്‍ എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനം ആണ് കോള്‍സെന്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 2013 ആയപ്പോഴേക്കും 35 ഡിപ്പാര്‍ട്ട്മെന്റും 12 സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളും 4 യൂണിവേഴ്സിറ്റികളും മുഖ്യമന്ത്രിയുടെ സുതാര്യകേരളം ഉള്‍പ്പെടെ 6 പരാതിപരിഹാരപദ്ധതിയും 5 പ്രോജക്ടുകളും ഉള്‍പ്പെടെ 62 വകുപ്പുകളെ സംബന്ധിക്കുന്ന സേവനം ഇതിലൂടെ ലഭ്യമാക്കി. എന്നാല്‍, ഇപ്പോള്‍ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ CMO / CMDRF, അക്ഷയ, സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഹെല്‍പ്ലൈന്‍, സ്റ്റേറ്റ് പോര്‍ട്ടല്‍, എം-കേരള, ആധാര്‍ (യുഐഡി), ലീഗല്‍ മെട്രോളജി തുടങ്ങി 65 വകുപ്പുകള്‍ / പ്രോജെക്ടുകള്‍ / സര്‍വ്വകലാശാലകള്‍ എന്നിവയുടെ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങളും പരാതി പരിഹാരങ്ങളും കോള്‍ സെന്ററില്‍ ലഭ്യമാണ് .

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാന്‍ വാട്സ്ആപ് മുഖേനയുള്ള പിന്തുണയും ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലുടനീളമുള്ള ജനങ്ങള്‍ക്ക്‌ കോള്‍സെന്റര്‍ സേവനങ്ങള്‍ വളരെ ചുരുങ്ങിയ നിരക്കില്‍ ലഭ്യമാണ്. കേരളത്തില്‍ എവിടെ നിന്നും ലോക്കല്‍ കോളിന്റെ നിരക്കില്‍ വിളിക്കാവുന്ന 155300 എന്ന നമ്പരാണ് കോള്‍സെന്ററിനുള്ളത്. ഇത് 30 നമ്പര്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പ് ഡയലിങ്ങ് സംവിധാനം ആണ് എന്നതിനാല്‍ കോള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ഒരിക്കല്‍ ലൈന്‍ കണക്ടുചെയ്തു കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സംശയം ആരായാവുന്നതും, സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ച് ആവശ്യമായ വിശദീകരണം ലഭിക്കുന്നതുമാണ്. കോള്‍സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സേവനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതിനും വേണ്ടി സര്‍ക്കാര്‍ കോള്‍ സെന്റര്‍ പൂര്‍ണ്ണമായും ഒരു കോണ്‍ടാക്ട് സെന്റര്‍ എന്ന നിലയിലേക്ക് നവീകരിച്ചിരിക്കുന്നു. താഴെ പറയുന്ന നമ്പറുകളില്‍ സര്‍ക്കാര്‍ കോണ്‍ടാക്ട് സെന്റര്‍ സേവനങ്ങള്‍ ലഭ്യമാണ്:

155300 അല്ലെങ്കില്‍ 0471-155300/ 2115054 അല്ലെങ്കില്‍ 0471 2115054 / 2115098 അല്ലെങ്കില്‍ 0471 2115098 (ടോള്‍ ഫ്രീ അല്ല) സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഹെല്‍പ്പ്ലൈന്‍- 1800-425-1550 (ടോള്‍ ഫ്രീ) യുഐഡി / ആധാര്‍ ഹെല്‍പ്പ്ലൈന്‍ – 1800-4251-1800 (ടോള്‍ ഫ്രീ) ശബരിമല ഹെല്‍പ്പ്ലൈന്‍- 1800-425-1606 (ടോള്‍ ഫ്രീ) വാട്സ്ആപ്: +919400198198.

h) FRIENDS

പൊതുജനങ്ങള്‍ക്ക്  വിവിധ ഓഫീസുകളില്‍ പോകാതെ തന്നെ വിവിധ വകുപ്പുകളിലേക്കുള്ള നികുതികളും ബില്ലുകളും ഒരു കേന്ദ്രത്തില്‍ തന്നെ അടക്കാനും അതിലൂടെ  സമയവും ധനവും ലാഭിക്കാനും ഇതുവഴി കഴിയുന്നു.   2000 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച FRIENDS (Fast Reliable Instant Efficient Network for Disbursement of Services) പദ്ധതിക്ക് ലഭിച്ച ജനപിന്തുണ കണക്കിലെടുത്ത് 2001 ല്‍ മറ്റെല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങള്‍ ആരംഭിച്ചു.  ഫ്രണ്ട്സിലെ കമ്പ്യൂട്ടര്‍ വല്‍കൃത കൗണ്ടറുകള്‍ ഞായാറാഴ്ചകള്‍  ഉള്‍പ്പെടെ  എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിച്ചു വരുന്നു. 

ഫ്രണ്ട്സ് വഴി നല്കിവരുന്ന സേവനങ്ങള്‍

  • കെ.എസ്.ഇ.ബി
  • വാട്ടര്‍ അതോറിറ്റി
  • കോര്‍പറെഷന്‍
  • യൂണിവേഴ്സിറ്റി
  • റവന്യൂ
  • സിവില്‍ സപ്ലൈസ്
  • ബി.എസ്.എന്‍ .എല്‍
  • ഇലെക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്
  • പോലീസ്
  • കള്‍ച്ചറല്‍ വെല്‍ഫെയര്‍ ബോര്‍ഡ്

എന്‍.ഐ.സിയുടെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഫ്രണ്ട്സിന്റെ പുതിയ സോഫ്ട് വെയറായ ഫ്രീസ് പ്രവര്‍ത്തനം  ആരംഭിച്ചതോടെ തത്സമയം ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് ഓണ്‍ലൈനായി  വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്നുണ്ട്.   എല്ലാ ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളിലും പുതിയ സോഫ്ട് വെയര്‍പ്രവര്‍ത്തനം  ആരംഭിച്ചു.  പുതിയ സോഫ്ട് വെയര്‍ വെബ് അധിഷ്ഠിതമാണ്.