ജനങ്ങളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ വിവര വിനിമയ സാങ്കേതിക വിദ്യ സാധാരണക്കാരില്‍ എത്തിക്കുന്നതിനായി ജില്ലാതലങ്ങളില്‍ 2002 മുതല്‍ ഇ-സാക്ഷരത പരിപാടി അക്ഷയ പദ്ധതിയിലൂടെ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2002 ലാണ് അക്ഷയ പദ്ധതി ആരംഭിച്ചത്. ഇപ്പോള്‍ കേരളത്തില്‍ രണ്ടായിരത്തിലധികം അക്ഷയ സെന്ററുകള്‍ വഴി വിവിധ തരം സര്‍ക്കാര്‍ സര്‍ക്കാരിതര സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമായി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
ഇ-വിദ്യ, ഇന്റല്‍ ലേണ്‍, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ കോഴ്സുകള്‍, ഇഗ്നൊ, ഡൊയാക്, സി-ഡിറ്റ് തുടങ്ങിയവയുടെ കമ്പ്യൂട്ടര്‍ അനുബന്ധ കോഴ്സുകള്‍, റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ, വാറ്റ് റിട്ടേണ്‍ ഇ-ഫയലിംഗ്, റെയില്‍വേ ഇ-ടിക്കറ്റിംഗ്, ഇലക്ട്രിസിറ്റി ബില്ല്, വെള്ളക്കരം, ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈന്‍ – മൊബൈല്‍ ബില്ലുകള്‍ തുടങ്ങിയ ഇ-പേയ്മെന്റുകള്‍ , ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ , എപിഎല്‍ / ബിപിഎല്‍ കാര്‍ഡ് ഉടമകളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രഷന്, യുഐഡിഎഐ ആധാര്‍ , ഇ-മണല്‍, ഇ-ഗ്രാന്റ്സ് അപേക്ഷ, കെ.എന്‍.ആര്.കെയുടെ ഫണ്ട് സബ്സ്ക്രിപ്ഷന് സമാഹരണം, കേരള എന്‍ട്രന്‍സ് അഡ്മിറ്റ് കാര്‍ഡ്, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഹെല്പ് ഡെസ്ക്, ജനമൈത്രി പോലീസ് സ്റ്റേഷനുകളിലെ ഹെല്‍പ്പ് ഡെസ്ക്, എല്‍ . ഐ. സി. മൈക്രോ ഇന്‍ഷുറന്‍സ്, മലയാളം കമ്പ്യൂട്ടിംഗ് ട്രെയിനിംഗ്, സ്പാര്‍ക്ക് ട്രെയിനിംഗ്, എന്റെ ഗ്രാമം വെബ്പോര്‍ട്ടല്‍, ഇ-കൃഷി തുടങ്ങിയവ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടന്നു വരുന്നു.