ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന് ഇന്നൊവേഷന് സെന്റര്‍ കേരളത്തില്‍ സ്ഥാപിതമാകുന്നു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജി (C-MET), ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമായി തൃശ്ശൂര്‍ ജില്ലയിലാണ് രാജ്യത്തെ ആദ്യത്തെ ഗ്രാഫീന് ഇന്നൊവേഷന് സെന്റര്‍ സ്ഥാപിതമാകുന്നത്. ശാസ്ത്ര ഗവേഷണത്തിനും സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്കും വന്‍ കുതിപ്പ് നല്‍കുകയാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
സിലിക്കണിന് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച ഇലക്ട്രോ തെര്‍മല്‍ കണ്ടക്ടറായിരിക്കും ഗ്രാഫീന് എന്നും ഇത് അടുത്ത തലമുറയില്‍ ഇലക്ട്രോണിക്സില് ഉണ്ടാകുന്ന മാറ്റങ്ങളുടെ മുന്നോടിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതോടൊപ്പം തന്നെ ഊര്‍ജ ഉല്‍പ്പാദനത്തിലും വൈദ്യശാസ്ത്രത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ഗ്രാഫീന് അധിഷ്ഠിത സാങ്കേതികവിദ്യകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും പുതിയ ഗ്രാഫീന് ഗവേഷണത്തില്‍ പങ്കെടുക്കാനും സംഭാവന നല്‍കാനും കഴിയുന്നതില്‍ കേരളത്തിന് അഭിമാനമുണ്ട്. അതേ സമയം തന്നെ ഈ സംരംഭം സംസ്ഥാനത്തെ ശാസ്ത്രഗവേഷണ-വ്യാവസായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയും ചെയ്യും.
ഗ്രാഫീന് ഉല്പന്നങ്ങള് വികസിപ്പിക്കുന്നതിന് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഗ്രാഫീന് ഇന്നൊവേഷന് സെന്റര്‍ സഹായിക്കും. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നുവരാന്‍ കേരളത്തെ സഹായിക്കുന്ന നിര്‍ദ്ദിഷ്ട കേന്ദ്രത്തിന് കേരളത്തിന്റെ മാനവ വിഭവശേഷി മൂലധനം ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും.