ഇന്റര്‍നെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചു കൊണ്ട്, സാര്‍വത്രിക ഇന്റര്‍നെറ്റ് ലഭ്യത എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്-വര്‍ക്ക് (കെ ഫോൺ ). ഈ പദ്ധതി വഴി ഡിജിറ്റല്‍ വിഭജനം/വേര്‍തിരിവ് മറികടക്കാന്‍ കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കെ.എസ്.ഇ.ബി യുടെ വൈദ്യുതി തൂണുകളെ ഉപയോഗപ്പെടുത്തി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് ‍കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ ഫോൺ ). സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായും, മറ്റുള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും പുറമെ മുപ്പതിനായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇടതടവില്ലാതെ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്-വര്‍ക്ക് (കെ-ഫോണ്‍) മുഖേന ലക്ഷ്യമിടുന്നു. എല്ലാ സേവന ദാതാക്കള്‍ക്കും വിവേചനരഹിതമായ അക്‌സസ് ഉള്ള ഒരു പ്രധാന നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ (വിവര ഹൈവേ) സൃഷ്ടിക്കുക, അതുവഴി അവര്‍ക്ക് അവരുടെ കണക്റ്റിവിറ്റി വിടവ് കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്. കൂടാതെ, എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ മുതലായവയെ ബന്ധിപ്പിക്കുന്ന വിശ്വസനീയവും സുരക്ഷിതവും അളക്കാവുന്നതുമായ ഒരു ഇന്‍ട്രാനെറ്റ് നല്‍കുവാനും സാധിക്കുന്നു. കെ ഫോൺ സംസ്ഥാനത്ത് നിലവിലുള്ള ടെലികോം ഇക്കോസിസ്റ്റം പൂര്‍ത്തീകരിക്കുകയും കേരളത്തെ ഒരു ഗിഗാബിറ്റ് സമ്പദ്‌വ്യവസ്ഥയായി സ്ഥാപിക്കുന്നതിനുള്ള മികച്ച ഉല്‍പ്രേരകമായി പ്രവര്‍ത്തിക്കുകയും ചെയ്യും.