ഇ-സേവനം എന്ന കേരള സര്‍ക്കാരിന്റെ ഏകീകൃത സേവന പോര്‍ട്ടലിലൂടെ കേരള സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ മുഖാന്തരം സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ട ജനങ്ങള്‍ക്ക് ഒട്ടേറെ സേവന പദ്ധതികള്‍ ലഭ്യമാക്കുന്നുണ്ട്. സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന (RTS) സേവനങ്ങളില്‍ ഭൂരിപക്ഷവും ഓണ്‍ലൈന്‍ വഴി വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ തങ്ങളുടെ വീടുകളില്‍ ഇരുന്നു തന്നെ സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും ഒരു ഏകീകൃതപോര്ട്ടലിലൂടെ ലഭ്യമാവേണ്ടത് അനിവാര്യമാണ്. നിലവില്‍ വ്യത്യസ്ത വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഓരോ വകുപ്പുകളുടെയും വെബ്സൈറ്റ് മുഖാന്തരം ഉപയോഗിയ്ക്കുന്നതിനു പ്രായോഗികബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ എല്ലാ വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇ-സേവനം എന്ന കേന്ദ്രീകൃത പോര്‍ട്ടലിനു രൂപം നല്‍കിയിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ‘ഇന്റര്‍നെറ്റ് എന്റെ അവകാശം’ എന്നത് www.services.kerala.gov.in എന്ന ഏകീകൃത പോര്‍ട്ടല്‍ വഴി ഫലപ്രദമാവുകയാണ്. പ്രസ്തുത പോര്‍ട്ടലില്‍ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭ്യമാക്കിയിട്ടുണ്ട്. മൊബൈല്‍ അധിഷ്ഠിത സേവനങ്ങള്‍ക്ക് വേണ്ടി എം- സേവനം എന്ന മൊബൈല്‍ ആപ്ളിക്കേഷനും ഇതോടൊപ്പം തന്നെ ലഭ്യമാക്കിയിട്ടുണ്ട് ജനങ്ങള്‍ക്കു സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടെത്തുന്നതിനായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങള്‍ & നൈപുണ്യവികസനം, സാമൂഹ്യസുരക്ഷ & പെന്‍ഷനേഴ്സ്, പൊതു ഉപയോഗസേവനങ്ങള്‍, മറ്റുസേവനങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. പോര്‍ട്ടലിന്റെ വരാനിരിക്കുന്ന പതിപ്പുകളില്‍ എല്ലാ സേവനങ്ങള്‍ക്കും സിംഗിള്‍ സൈന്‍ ഓണ്‍ ഉള്പെടുത്തുന്നതാണ്.