വിവിധയിനം കണ്ടൽക്കാടുകളാൽ സമൃദ്ധമായ തുരുത്തുകൾ , വിശാലമായി പരന്നൊഴുകുന്ന കടലുണ്ടിപ്പുഴ , ചളിപ്പരപ്പുകൾ , കടലുണ്ടി അഴിമുഖം എന്നിവയൊക്കെ കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വിനെ ഏവരെയും ആകർഷിക്കുന്ന ഒരു ഇക്കോ ടൂറിസം കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. വിവിധയിനത്തിൽപ്പെട്ട തദ്ദേശീയവും അല്ലാത്തതുമായ പക്ഷികളും സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ അനേകായിരം കിലോമീറ്ററുകൾ താണ്ടി ഇവിടെയെത്തുന്ന ദേശാടനപ്പക്ഷികളെയും വിവിധയിനത്തിൽപ്പെട്ട കണ്ടൽക്കാടുകളെയും പ്രദേശവാസികളുടെ പരമ്പരാഗതമായ മത്സ്യബന്ധനരീതികളും നേരിട്ടുകണ്ടു മനസിലാക്കുന്നതിനായി നിരവധി സന്ദർശകർ കടലുണ്ടിയിൽ എത്തുന്നുണ്ട്. മുള കൊണ്ടുള്ള തട ഉപയോഗിച്ച് മീൻ പിടിക്കുന്നത് ഇവിടത്തെ ഒരു അപൂർവ്വ കാഴ്ചയാണ്.

സ്ത്രീകളും പുരുഷന്മാരും മുരു, എരുന്ത്, കക്ക എന്നിവ ശേഖരിക്കുന്നതും സന്ദർകർക്ക് അപൂർവ്വമായ ഒരു കാഴ്ചയാണ്. അത്യപൂർവ്വമായ ദേശാടനപ്പക്ഷികൾ എത്തുന്ന കേന്ദ്രമായി രേഖപ്പെടുത്തിയ കടലുണ്ടി വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്വിലെ കണ്ടൽക്കാടുകളുടെ ഇടയിൽക്കൂടിയുള്ള ദൃശ്യചാരുത തുളുമ്പുന്ന തോണിയാത്ര ഒരു അവിസ്മരണീയമായ അനുഭവമാണ്.

മണ്ണാൻമാട് , ചരലട്ടി പ്രദേശങ്ങളിൽ എത്തുന്ന ദേശാടനപ്പക്ഷികളുടെ കാഴ്ച്ച ഏവരെയും ആകർഷിക്കുന്നതാണ്. കടലുണ്ടി അഴിമുഖത്ത് നിന്നുള്ള സൂര്യാസ്തമയ ദർശനം നയനാനന്ദകരമാണ്. അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങളുടെ പശ്ചാത്തലത്തിൽ പക്ഷിക്കൂട്ടങ്ങൾ പാറിപ്പറക്കുന്ന ദൃശ്യം അതീവ ഹൃദ്യമാണ്.